വാളയാർ കേസിൽ സിബിഐക്കെതിരെ ഹൈക്കോടതിയിൽ മാതാപിതാക്കൾ; കുറ്റപത്രം റദ്ദാക്കണമെന്ന് ഹർജി
കൊച്ചി: വാളയാർ കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. കുട്ടികളുടെ മരണം കൊലപാതകമാണെന്നും തുടരന്വേഷണം നടത്തണമെന്നും ഹർജിയിൽ പറയുന്നു. ഹർജിയിൽ കോടതി സിബിഐക്ക് നോട്ടീസ് അയച്ചു. സിബിഐ നടത്തുന്ന അന്വേഷണം പക്ഷപാതപരമാണെന്നും, കേസിനെ ആത്മഹത്യയായി എഴുതിത്തള്ളാനുള്ള ശ്രമമാണെന്നും മാതാപിതാക്കൾ ആരോപിച്ചു. ഫോറൻസിക് റിപ്പോർട്ടിൽ കുട്ടികളുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും, കേസിലെ ചില പ്രതികളുടെ സംശയാസ്പദമായ മരണങ്ങളിൽ അന്വേഷണം നടന്നിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റാണ് മാതാപിതാക്കളെ പ്രതികളാക്കി കൊച്ചി സിബിഐ കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. മാതാപിതാക്കൾ കുട്ടികളുടെ മരണത്തിൽ പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയതിനെതിരെയാണ് ഇവരുടെ ഹർജി.